വടക്കഞ്ചേരി: മംഗലം -ഗോവിന്ദാപുരം അന്തർ സംസ്ഥാനപാതയിൽ അപകടാവസ്ഥയിലുള്ള വൻമരം മുറിച്ചുമാറ്റാതെ നടത്തുന്ന കൾവർട്ട് പണി വാഹനഗതാഗതത്തിന് തടസമാകുന്നു.
വള്ളിയോട് തേവർകാട് കൺവൻഷൻ സെന്ററിനടുത്താണ് കൾവർട്ട് നിർമാണം നടക്കുന്നത്. ഇതിനോട് ചേർന്നാണ് മരം. വീതികുറഞ്ഞ ഇവിടെ വാഹനങ്ങൾക്ക് കടന്നു പോകാൻ മരം തടസമായി മാറുകയാണ്. മരംനിൽക്കുന്ന ഇടതുവശത്ത് റോഡിന്റെ പകുതിയോളം ഭാഗത്തായി ഒരു മാസം മുമ്പ് കൾവർട്ട് നിർമിച്ചിരുന്നു. ഇതിന്റെ ബലപ്പെടൽസമയം കഴിഞ്ഞ് കഴിഞ്ഞ ദിവസം മുതൽക്കാണ് ഈ ഭാഗത്തുകൂടി ഒറ്റവരിയായി ഇരുവശത്തേക്കും വാഹനങ്ങൾ കടത്തിവിട്ട് ശേഷിച്ച ഭാഗത്ത് പണി തുടങ്ങിയിട്ടുള്ളത്.
മരം മുറിച്ചുമാറ്റുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ തന്നെ പറയുന്നുണ്ട്. എന്നാൽ പിന്നെ അത് മുറിച്ചുമാറ്റിയ ശേഷം വലതുഭാഗത്ത് കൾവർട്ട് പണി തുടങ്ങിയിരുന്നെങ്കിൽ വാഹനങ്ങൾക്ക് ഇത്രയേറെ ഞെങ്ങിഞെരുങ്ങി പോകേണ്ട സ്ഥിതി ഉണ്ടാകുമായിരുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്. ആദ്യം ചെയ്യേണ്ടത് ഒടുവിൽ ചെയ്യുന്നതുമൂലം അധികചെലവും ചങ്ങലകണ്ണിപോലെ പോകുന്ന ആയിരകണക്കിന് വാഹനങ്ങൾക്ക് അപകടഭീഷണിയും ഉണ്ടാക്കുകയാണ്.വീതികുറഞ്ഞ് നിരപ്പ് വ്യത്യാസമുള്ള വഴിയിലൂടെ ആടിയുലഞ്ഞ് മരത്തിൽ തട്ടാതേയും കൾവർട്ട് നിർമാണം നടക്കുന്ന ആഴമേറിയ ട്രഞ്ചിൽ വീഴാതെയും വേണം വാഹനങ്ങൾക്ക് കടന്നുപോകാൻ.
രാത്രിയിൽ അപകടസാധ്യത കൂടുതലാണ്. കൾവർട്ടിന്റെ കോൺക്രീറ്റ് സ്ലാബ് വാർപ്പ് കഴിഞ്ഞാൽ ഒരു മാസം കോൺക്രീറ്റ് ഉറയ്ക്കുന്നതിനുള്ള സമയം കഴിഞ്ഞ് വേണം വാഹനങ്ങൾക്ക് പോകാൻ.
അത്രയും ദിവസം ഈ ദുരിതയാത്ര തുടരണം.വാഹന പെരുപ്പമുണ്ടാകുന്ന ഓണനാളുകളിലും ഇതുമൂലം യാത്രക്കാർ ഏറെ വലയും. കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈനുകൾ കടന്നുപോകുന്നതും ഈ മരത്തിനിടയിലൂടെയാണ്.
സ്ഥിരമായി വെള്ളക്കെട്ടും അതുവഴി റോഡ് തകർച്ചയുണ്ടാകുന്നതിനെ തുടർന്നാണ് അടഞ്ഞുകിടന്നിരുന്ന കൾവർട്ട് പുനർനിർമിക്കാൻ നടപടിയായത്.